അർമീനിയൻ സാഹിത്യം
അർമീനിയൻ സാഹിത്യം എന്നാൽ അർമിനിയയിൽ അധിവസിച്ച ജനവിഭാഗങ്ങൾക്കിടയിൽ വികസിച്ചുവന്ന സാഹിത്യമെന്നാണ്. ചരിത്രാതീതകാലം മുതൽ പല സാമ്രാജ്യങ്ങളുടെയും ഉദയാസ്തമയങ്ങൾ കണ്ട അർമീനിയയിലെ ജനവർഗങ്ങളും ഭാഷകളും സംസ്കാരധാരകളും പല വിധപരിണാമങ്ങൾക്കും വിധേയമായിട്ടുണ്ട്. അർമീനിയൻ ഭാഷാസാഹിത്യങ്ങളുടെ വികാസത്തിലും പല വിരുദ്ധശക്തികളുടെയും ആഘാതപ്രത്യാഘാതങ്ങൾ ദൃശ്യമാണ്.
ഭാഷ-വികാസം
[തിരുത്തുക]ഇന്തോ-യൂറോപ്യൻ ഭാഷാഗോത്രത്തിലെ ഒരു സ്വതന്ത്ര ഭാഷയാണ് അർമീനിയൻ. തെക്കു പടിഞ്ഞാറൻ ഏഷ്യയിലെ പർവതപ്രദേശങ്ങളിലും അർമീനിയയിലും ഇതു സംസാരിക്കപ്പെടുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിനു ശേഷമാണ് ഈ ഭാഷയ്ക്കു സ്വന്തമായ ലിപിമാലയുണ്ടായത്. അതിനുമുൻപ് ചിത്രലിപി ഉപയോഗിച്ചുവന്നിരുന്നു. ലിപിവ്യവസ്ഥ ഉണ്ടായതിനു ശേഷം മൗലികവും പരിഭാഷാരൂപത്തിലുള്ളതുമായ പല മതഗ്രന്ഥങ്ങളും രചിക്കപ്പെട്ടു. ബിഷപ്പ്[1] എസ്നിക്കിന്റെ ബൈബിൾ തർജുമ ഇക്കൂട്ടത്തിൽ പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. എ.ഡി. 19-ആം നൂറ്റാണ്ടിനു ശേഷം വിവിധവിഷയങ്ങളെ പുരസ്കരിച്ചുള്ള ഗ്രന്ഥങ്ങൾ പലരും രചിച്ചുതുടങ്ങി. ഇവയിൽ ചരിത്രഗ്രന്ഥങ്ങളായിരുന്നു ഏറ്റവും കൂടുതൽ. ഈ നൂതനഗ്രന്ഥങ്ങളുടെ രചനയോടുകൂടി ഒരു പ്രത്യേക സാഹിത്യഭാഷ വികസിച്ചുവന്നു.
അർമീനിയയുടെ വിവിധഭാഗങ്ങളിൽ മാറിമാറി വന്ന രാഷ്ട്രീയ ശക്തികൾക്കിടയിൽ പ്രചരിച്ചുവന്ന ഭാഷകളുമായുണ്ടായ സമ്പർക്കത്തിന്റെ ഫലമായി അർമീനിയൻ ഭാഷയുടെ ശബ്ദസമൂഹം സമ്പന്നമായിക്കൊണ്ടിരുന്നുവെങ്കിലും വ്യത്യസ്തരീതിയിലുള്ള പ്രാദേശികഭാഷാരൂപങ്ങൾ പ്രബലമാവുകതന്നെ ചെയ്തു. റഷ്യൻഭരണത്തിൻകീഴിൽപ്പെട്ട തിബിലിസ് എന്ന പ്രദേശത്തെ അധിവസിച്ചിരുന്ന ജനങ്ങൾ റഷ്യൻഭാഷയുമായി ബന്ധപ്പെട്ട അർമീനിയൻഭാഷ ഉപയോഗിച്ചു; കോൺസ്റ്റാന്റിനോപ്പിൾ (ഈസ്താംബുൾ) കേന്ദ്രമാക്കി ഉയർന്നുവന്ന ബൈസാന്തിയൻ സാമ്രാജ്യത്തിൽ മറ്റൊരുതരം പ്രാദേശികഭാഷാരൂപമാണു വ്യവഹരിക്കപ്പെട്ടിരുന്നത്. ഈ രണ്ടു പ്രാദേശികരൂപങ്ങൾക്കും വ്യാകരണകാര്യങ്ങളിൽ വലിയ വ്യത്യാസമില്ല. രണ്ടിലും സമാനാർഥത്തിലുള്ള പദങ്ങൾ നിരവധിയുണ്ട്. ഈ രണ്ടു ഭാഷാരൂപങ്ങളിലും സമീപദേശത്തുള്ള തുർക്കി, അറബി തുടങ്ങിയ ഭാഷകളിലെ പദങ്ങൾ വളരെ ചുരുക്കമായേ കാണാനുള്ളു.
ഇന്തോ-യൂറോപ്യൻ, ഇന്തോ-ഇറാനിയൻ എന്നീ ഭാഷാഗോത്രങ്ങളുടെ സങ്കരസ്വഭാവമുള്ള ഒരു ഭാഷയാണ് അർമീനിയൻ; ഗ്രീക്ക് ഭാഷയുടെ ചില അംശങ്ങളും ഇതിൽ കാണാനുണ്ട്. എങ്കിലും, സ്വതന്ത്രമായി വികസിച്ചതുമൂലം ഈ ഭാഷകളിൽനിന്നെല്ലാം ഭിന്നമായ വ്യക്തിത്വം അർമീനിയനു ലഭിക്കുകയുണ്ടായി.[2]
അർമീനിയൻ വ്യാകരണസ്വരൂപം
[തിരുത്തുക]അർമീനിയന്റെ വ്യാകരണസ്വരൂപത്തിന് ഇന്തോ-യൂറോപ്യനോടാണ് അടുപ്പമെങ്കിലും തികച്ചും സ്വന്തമായ ഘടനാസവിശേഷതകൾ ഇതിൽ വ്യക്തമായിക്കാണാം.[3] പ്രാചീന അർമീനിയനിൽനിന്നും വ്യത്യസ്തമായ വ്യാകരണനിബന്ധനകളാണ് നവീന അർമീനിയനിൽ നിലവിലുള്ളത്. എങ്കിലും, സ്വതന്ത്രമായി വികസിച്ചതുമൂലം ഈ ഭാഷകളിൽനിന്നെല്ലാം ഭിന്നമായ വ്യക്തിത്വം അർമീനിയനു ലഭിക്കുകയുണ്ടായി. പ്രാചീന പദങ്ങൾ ഒട്ടുമുക്കാലും ഗണ്യമായ പരിവർത്തനം സംഭവിക്കാതെതന്നെ ആധുനികഭാഷയിലും പ്രയോഗിക്കപ്പെട്ടുവരുന്നുണ്ട്.
ബി.സി. മൂന്നാം നൂറ്റാണ്ടു മുതൽ എ.ഡി. മൂന്നാം നൂറ്റാണ്ടു വരെ അർമീനിയ ഭരിച്ചിരുന്നതു പാർത്തിയൻ രാജാക്കന്മാരാകയാൽ ധാരാളം ഇറാനിയൻ വാക്കുകൾ അർമീനിയനിലേക്കു കടന്നുവരാനിടയായി. സിറിയൻ പള്ളിയുടെയും ബൈസാന്തിയൻ പള്ളിയുടെയും ശക്തമായ സ്വാധീനത്തിന്റെ ഫലമായി നിരവധി ഗ്രീക്കുപദങ്ങളും കുരിശുയുദ്ധകാലത്തുണ്ടായ സമ്പർക്കഫലമായി കുറെ ഫ്രഞ്ചുപദങ്ങളും ഈ ഭാഷയിലേക്കു സംക്രമിക്കാനിടയായിട്ടുണ്ട്.
സാഹിത്യം
[തിരുത്തുക]എ.ഡി. അഞ്ചാം നൂറ്റാണ്ടിനെക്കാൾ പഴക്കമുള്ള അർമീനിയൻ ലിഖിതരേഖകളൊന്നുംതന്നെ ലഭ്യമല്ലെങ്കിലും, അവിടെനിന്നും അതിനുമുൻപുള്ള ചില താമ്രശിലാശാസനങ്ങൾ ഹൂറിയൻ, ഹിറ്റൈറ്റ്, ഉറാർതു, അസീറിയൻ, അർമീനിയൻ, ഗ്രീക് എന്നീ ഭാഷകളിൽ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ടൈഗ്രേനസ് എന്ന അർമീനിയൻ രാജാവ് (ബി.സി. 95-55) ഒരു ആസ്ഥാനചരിത്രകാരനെ സംരക്ഷിച്ചിരുന്നുവെന്നും ഇദ്ദേഹത്തിന്റെ പുത്രൻ അർടവാസ്ദസ് ക എഴുതിയ ഏതാനും ദുരന്തനാടകങ്ങൾ പ്ലൂട്ടാർക്കിന്റെ പ്രശംസയ്ക്കു വിഷയമായിട്ടുണ്ടെന്നും ഇവയിൽനിന്നും മനസ്സിലാക്കാം. ക്രിസ്തുമതത്തിന്റെ ആദ്യകാലങ്ങളിൽ വ്രോയ്ർ എന്ന ഒരു കവിയും പരോയ്ർ എന്ന ഒരു മതപ്രഭാഷകനും ജീവിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
മതപരമായ സാഹിത്യകൃതികളുടെ ആവിർഭാവം
[തിരുത്തുക]മതപരമായ സാഹിത്യ കൃതികളുടെ ആവിർഭാവം ഏറിയകൂറും സ്വന്തമായ അക്ഷരമാലയുണ്ടായ[4] എ.ഡി. അഞ്ചാം നൂറ്റാണ്ടടടുപ്പിച്ചാണ്. ബൈബിൾ വിവർത്തനങ്ങളും ആധ്യാത്മികമായ പ്രബന്ധങ്ങളും ആദ്യമായി അർമീനിയനിൽ രചിച്ച് പ്രസിദ്ധി നേടിയവരാണ് വി. മെസ്രോപ്പും (350-439) കതോലികോസ് സാഹകും (മ. 438) അവരുടെ ശിഷ്യന്മാരും. അർമീനിയയുടെ ക്രിസ്തുമതപരിവർത്തനചരിത്രം രചിച്ച അഗതാഞ്ജലോസും, മെസ്രോപ്പിന്റെ ജീവചരിത്രകാരനായ കൊരിയൂനും, ചരിത്രകാരനായ ഫാറസ്റ്റസ് ബൈസാന്തിനസ്സും, ക്രിസ്തുമതവും സരതുഷ്ട്രമതവും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ഒരു ഇതിഹാസകാവ്യം നിർമിച്ച എലിഷേയും ഈ ശിഷ്യവർഗത്തിലെ പ്രമുഖൻമാരായിരുന്നു. ആറാം നൂറ്റാണ്ടിലെ പ്രമുഖ ഗ്രന്ഥകാരൻ, ദാർശനികൻ എന്ന ബിരുദം നേടിയ ദാവീദ് ആണ്.[5]
ശാസ്ത്രസാഹിത്യം
[തിരുത്തുക]ശാസ്ത്രവിഷയങ്ങളെക്കുറിച്ചു പ്രബന്ധരചന നടത്തുവാനുള്ള അഭിനിവേശം അർമീനിയനിൽ ഏഴാം നൂറ്റാണ്ടോടുകൂടി ഉദയം ചെയ്തത് പിന്നീട് വളരെക്കാലത്തേക്കു നിലനിന്നു. ഭൂമി ഒരു ഗോളമാണെന്നു സമർഥിച്ചും സൂര്യചന്ദ്രഗ്രഹണങ്ങളുടെ യഥാർഥഹേതുക്കൾ വിവരിച്ചും അനേനിയ ഷിരാകാത്സി ഗ്രന്ഥങ്ങൾ രചിച്ചു; യൂക്ലിഡിന്റെയും പ്ലേറ്റോയുടെയും[6] ഗ്രീക്കുകൃതികൾ ഗ്രിഗറി മജിസ്ത്രോസ് (10-ആം നൂറ്റാണ്ട്) വിവർത്തനം ചെയ്തു; മെഖിതാർ ഹെരാത്സി ചില വൈദ്യശാസ്ത്രഗ്രന്ഥങ്ങളും രചിച്ചു.
ദേശചരിത്രഗ്രന്ഥങ്ങളും ഈ കാലങ്ങളിൽ ധാരാളം ഉണ്ടാകാതിരുന്നില്ല. ഹെരാക്ലിയൂസ് ചക്രവർത്തിയുടെ ചരിത്രം രചിച്ച സെബിയോസും (ഏഴാം നൂറ്റാണ്ട്) എസസ്സിലെ അൽബേനിയൻമാരുടെ ചരിത്രത്തിന്റെ കർത്താവായ മോവ്സസ് കലാൻകതുവാത്സി(10-ആം നൂറ്റാണ്ട്)യും ഈ കൂട്ടത്തിൽ ഗണനീയരാണ്. മതപുരോഹിതന്മാരുടെയും തത്ത്വജ്ഞാനികളുടെയും ലഘുജീവചരിത്രങ്ങളെഴുതുന്നതിൽ തത്പരരായ പല ഗ്രന്ഥകാരന്മാരെയും ഈ കാലഘട്ടത്തിൽ കാണാം.
കവിത
[തിരുത്തുക]കതോലികോസ് കോമിറ്റാസ് (മ. 628) രചിച്ച നിഗൂഢാർഥകവിതകളും സ്തോത്രഗാനങ്ങളുമാണ് ലഭ്യമായതിൽ ഏറ്റവും പ്രാചീനമായ അർമീനിയൻ പദ്യസാഹിത്യമാതൃകകൾ. ഗ്രിഗോർനരെകാത്സി (950-1010) അർമീനിയയിലെ ഏറ്റവും പ്രമുഖനായ മിസ്റ്റിക് കവിയായി വാഴ്ത്തപ്പെടുന്നു. അർമീനിയൻ സാംസ്കാരിക നവോത്ഥാനത്തിന്റെ കാലമെന്നു കരുതപ്പെടുന്ന 11-16 നൂറ്റാണ്ടുകളിൽ ഉത്കൃഷ്ടമായ പല കാവ്യങ്ങളുടെയും ആവിർഭാവത്തിനു സാക്ഷ്യം വഹിച്ചു. നെർസസ് ഷ്നോർഹാലി (1098-1173) ദേശചരിത്രം പദ്യത്തിലെഴുതി. മതത്തിന്റെ തീക്ഷ്ണമായ അതിപ്രസരങ്ങളിൽനിന്നും സാഹിത്യം വിമോചിതമായിത്തുടങ്ങിയതിന്റെ സൂചനകൾ ഈ കാലഘട്ടത്തിൽ ദൃശ്യമാകുന്നു. പൌരസ്ത്യദേശത്തിലെ പറുദീസാനഷ്ടം എന്ന ബഹുമതി ലഭിച്ചിട്ടുള്ള ആദാമിന്റെ പുസ്തകം എന്ന മഹാകാവ്യം എഴുതിയ അരാക്വേൽ സിയൂനെത്സി ജീവിച്ചിരുന്നത് 15ആം നൂറ്റാണ്ടിന്റെ പൂർവാർധത്തിലാണ്.
അഷൂഘ് (അറബിയിൽ കാമുകൻ എന്ന് അർഥം) എന്ന പേരിൽ പ്രചാരം നേടിയ ധാരാളം ജനകീയ കവികൾ 16-18 നൂറ്റാണ്ടുകളിൽ എണ്ണമറ്റ നാടൻ പാട്ടുകൾ എഴുതി രാജ്യമെങ്ങും ആലപിച്ചുക്കൊണ്ടു നടന്നു. താരാട്ടുപാട്ടുകൾ, പ്രേമഗാനങ്ങൾ, വിലാപഗാനങ്ങൾ, വിവാഹഗാനങ്ങൾ തുടങ്ങി ഇക്കാലത്തു സൃഷ്ടിക്കപ്പെട്ട ഇത്തരം പാട്ടുകളുടെ കൈയെഴുത്തുപ്രതികൾ അർമീനിയനിൽ സുലഭമാണ്. 10- ആം നൂറ്റാണ്ടിൽ തന്നെ രചിക്കപ്പെട്ടതെന്നു സാഹിത്യചരിത്രകാരന്മാർ കരുതുന്ന സസൂൻട്ഷി ദേവിദ് (സസൂനിലെ ദാവീദ്) എന്ന വീരഗാഥ ഇക്കാലത്താണു സാർവത്രികപ്രചാരം നേടിയത്.
നവീനകാലം
[തിരുത്തുക]ആദ്യമായി അർമീനിയൻ ഭാഷയിൽ മുദ്രിതമായ പുസ്തകം (1512) പള്ളിയിലെ പെരുന്നാളുകളുടെ ഒരു പട്ടികയാണ്. അർമീനിയൻ ഭാഷയിലുള്ള ബൈബിൾ അച്ചടിപ്പിച്ചത് (1666) യെരവാനിലെ ഓസ്കൻ (1614-75) ആയിരുന്നു. 17- ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മറ്റുകൃതികളിൽ 1602-60 കാലത്ത് അർമീനിയയിൽ നടന്ന യുദ്ധങ്ങളുടെ വിവരണങ്ങളാണ് മുഖ്യം; ഇവയുടെ കർത്താവ് തബ്രീസിലെ അരാക്വേൽ എന്ന പുരോഹിതനും.
18-ആം നൂറ്റാണ്ടോടുകൂടി അച്ചടിവിദ്യ അർമീനിയയിലെങ്ങും പ്രചരിക്കുകയും പല പ്രാചീന കൃതികളും സാമാന്യജനങ്ങൾക്കു ലഭ്യമായിത്തുടങ്ങുകയും ചെയ്തു. 19-ആം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് പത്രപ്രവർത്തനത്തിന്റെ ആരംഭം; ആധുനികരീതിയിലുള്ള പാഠശാലകളും ഇക്കാലത്ത് ആവിർഭവിച്ചുതുടങ്ങി. എന്നാൽ യഥാക്രമം തുർക്കിയുടെയും റഷ്യയുടെയും കീഴിലമർന്നിരുന്ന അർമീനിയൻ ഭൂവിഭാഗങ്ങൾ തമ്മിൽ പലതരത്തിലുള്ള തർക്കങ്ങളും സൌന്ദര്യപ്പിണക്കങ്ങളും ഈ കാലത്തോടടുപ്പിച്ച് ഉടലെടുക്കാനാരംഭിച്ചു. പാശ്ചാത്യസാഹിത്യങ്ങളിൽ നിന്നും പ്രചോദനം നേടാൻ ശ്രമിച്ച തുർക്കി-അർമീനിയൻ എഴുത്തുകാരിൽ തോവ്മ ടെഴ്സിയാൻ (1840-1909), മൃക്തിച് പെഷിക്താഷ്ലിയാൻ (1828-68), ഹാകോബ് പരോണിയാൻ (1842-91), എറുവാണ്ട് ഓടിയാൻ (1869-1929), ഗ്രിഗോർ സൊറാസ് (1861-1915) തുടങ്ങിയവരുൾപ്പെടുന്നു.
റഷ്യൻ സാഹിത്യധാരകളെ അനുകരിച്ചും ഉപജീവിച്ചും നോവലുകളെഴുതി പ്രശസ്തിനേടിയ വചാതുർ അബോവിയാൻ (1805-48) ആണ് ആധുനിക അർമീനിയൻ സാഹിത്യത്തിന്റെ പിതാവെന്നനിലയിൽ അറിയപ്പെടുന്നത്. ഹോവ്ഹാന്നസ് തുമേനിയൻ (1869-1923) എന്ന കവിക്കും ഗബ്രിയേൽ സുന്ദുകിയാൻ എന്ന നാടകകൃത്തിനും (1825-1912) അർമീനിയൻ സാഹിത്യത്തിലുള്ള പദവി സമുന്നതമാണ്.
അർമീനിയൻ സംസ്കാരധാരകളുടെ പ്രഭവകേന്ദ്രം എന്ന സ്ഥാനം ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ 20-ആം നൂറ്റാണ്ടീന്റെ ആരംഭത്തോടുകൂടി ഇസ്താംബൂളിനു നഷ്ടമായി. ഇന്ന് പാരിസും ബെയ്റൂട്ടും ബോസ്റ്റണും ആസ്ഥാനമാക്കി അർമീനിയനിൽ സാഹിത്യസൃഷ്ടി ചെയ്യുന്നവർ ധാരാളമുണ്ട്.
സോവിയറ്റ് അർമീനിയൻ സാഹിത്യം
[തിരുത്തുക]1920-ൽ അർമീനിയയിൽ സോവിയറ്റു ഭരണം സ്ഥാപിതമായി. വിപ്ലവപൂർവ കാലഘട്ടത്തിലെ എഴുത്തുകാരിൽ പ്രമുഖരായ തുമന്യാൻ, ഷിർവാൻ സാദെ, ദെമിർ ച്യാൻ, ഇസഹക്യാൻ തുടങ്ങിയവർ സോവിയറ്റു സാഹിത്യത്തിന്റെ പങ്കാളികളായി. യുവതലമുറയ്ക്കു മാർഗനിർദ്ദേശം നൽകിയ വിപ്ലവകാരിയായ എഗിഷെചരെൻത്സ് (Egishe charents)[7] നിളസ്തോവിയെ തൾപ്പി (രോഷാകുലമായ ജനക്കൂട്ടം, 1919) ആദിയായ കൃതികളിൽ ജനങ്ങളുടെ വിപ്ലവാവേശത്തെ ചിത്രീകരിച്ചു.
1920-30-കളിലെ മുഖ്യ പദ്യകൃതികളിൽ വ്ഷ്തുനി[8] (A.Vshtuni)യുടെ വസ്ത്തോച്ച്നിയെ പയമി (പൗരസ്ത്യ കവിതകൾ); അകൊപ്യാന്റെ ഇതിഹാസകാവ്യമായ ഷിർകനാൽ ബൾഷേവിക് (Shirkanal-Bolshevik); ബാലസാഹിത്യകാരനായ ഹൻകൊയാന്റെ (A.Khnkoian) പദ്യങ്ങളും കല്പിതകഥകളും; സര്യാൻ (G.B.Sarian), മഹരി (G.G.Mahari) തുടങ്ങിയവരുടെ ഗീതകങ്ങൾ, നയിരി സര്യാന്റെ (Nairi Zarian) റുഷാൻസ്കയ സ്കാള (റഷ്യൻ കൊടുമുടി, 1930) എന്നിവ ഉൾപ്പെടുന്നു. ഈ കാലയളവിലെ ഗദ്യസാഹിത്യത്തിൽ പല പുത്തൻ പ്രവണതകളും വികസിച്ചിരുന്നു. നോവലിസ്റ്റും കഥാകൃത്തുമായിരുന്ന സൊര്യനെ (Stepan Zorian) ഈ മാറ്റത്തിന്റെ മുഖ്യപ്രതിനിധിയെന്നു വിശേഷിപ്പിക്കാം. പ്രിദ്സിദാച്ചെൽ രേവ്കോമ (വിപ്ലവക്കമ്മിറ്റിയുടെ പ്രസിഡന്റ്, 1923), ജ്യേവുഷ്ക ഇസ്ബിബ്ലി അച്ചേക്കി (വായനശാലയിൽ നിന്നുള്ള പെൺകുട്ടി, 1925), ഇസ്ത്തോരിയ അദ്നോയ്ഴ് ഷീസ്നി (ഒരു ജീവിതത്തിന്റെ കഥ, ഒന്നും രണ്ടും വാല്യങ്ങൾ, 1934-39) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ഇവയിലെല്ലാം തന്നെ സോഷ്യലിസത്തിൽ നിന്നു പ്രചോദനം ഉൾക്കൊള്ളുന്ന ജനതയുടെ ധീരതയാണു പ്രമേയം.
യഥാതഥസാഹിത്യം
[തിരുത്തുക]യഥാതഥസാഹിത്യം അർഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന അക്സെൽ ബകുന്ത്സിന്റെ കഥകളായ ചോമ്നയെ ഉഴ്ശേലിയെ (ഇരുണ്ട മലയിടുക്ക്, 1927), സ്യേയച്ചിലി ചോർനിഹ്ബാഷിൻ (കരിനിലങ്ങളിൽ വിതയ്ക്കുന്നവർ, 1933) എന്നിവ ഗ്രാമീണജീവിതത്തിന്റെ ചാരുതയാർന്ന വർണനകളാണ്. ദെറെനിക് ദെമിർച്യാൻ (Derenik Demirchain) സോഷ്യലിസ്റ്റുയുഗത്തിലെ അധ്വാനിക്കുന്ന മനുഷ്യന്റെ സ്വഭാവ രൂപീകരണം ചിത്രീകരിച്ചു. അറാസി (M.Arazi) ശ്രദ്ധ കേന്ദ്രീകരിച്ചത് തൊഴിലാളിയുടെ ആധ്യാത്മിക വളർച്ചയിലാണ്. 1930-കളിൽ തോതൊവ്യെന്ത്സിന്റെ ഴ്ഷീസിൻ നദ്ര്യേവ്നെയ് ദ റോഗെ (പുരാതന റോമൻ പാതയിലെ ജീവിതം, 1934), ജി.ജി. മഹരിയുടെ ജ്യേത്സ്ത് വ ഇ യൂനസ്ച് (ബാല്യവും കൗമാരവും, 1930) തുടങ്ങിയ ശ്രദ്ധേയങ്ങളായ ആത്മകഥകൾ പുറത്തിറങ്ങി. സര്യാൻ നയിരിയുടെ അസ്തവാൻ (Astavan, ഒന്നും രണ്ടും വാല്യങ്ങൾ, 1937-47) ഗദ്യസാഹിത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ്.
യുദ്ധകാല രചനകൾ
[തിരുത്തുക]1941-45 ലെ യുദ്ധകാലത്ത് അർമീനിയൻ സാഹിത്യം ജനതയുടെ പ്രബുദ്ധത വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇസഹക്യാൻ (Avetik Isashakian), ദെമിർച്യാൻ (Derenik Demirchain), ഒർബെലി (I.A.Orbeli) തുടങ്ങിയവരുടെ പ്രചാരണഗ്രന്ഥങ്ങളിലും മുന്നണിപ്പടയാളിയും എഴുത്തുകാരനുമായിരുന്ന റചി കൊചാറി (Rachi Kochar)ന്റെ രചനകളിലും ദേശഭക്തി അലതല്ലി. ദെമിർച്യാന്റെ ചരിത്രനോവലായ വർദനങ്ക് (Vardanank, ഒന്നും രണ്ടും വാല്യങ്ങൾ, 1943-46), സ്തിപാൻ സൊര്യാൻ എഴുതിയ ത്സാർ പാപ്പ് (പാപ്പ് രാജാവ്, 1944), എൻ. സര്യാന്റെ അറാപ്രിക് റാസ്നി (സുമുഖനായ അറാ, 1944) എന്ന ശോകാന്ത നാടകം എന്നിവയും യുദ്ധകാലകൃതികളിൽപ്പെടുന്നു.
യുദ്ധാനന്തര കൃതികൾ
[തിരുത്തുക]യുദ്ധാനന്തര കൃതികളിൽ റചി കൊചാറിന്റെ ജ്യേച്ചി ബൽഷോവദോമ (വലിയ വീട്ടിലെ കുട്ടികൾ, 1952), സെവുന്ത്സിന്റെ ചെഗിറാൻ (തെഹ്റാൻ, 1952), തുടങ്ങിയ നോവലുകളും നബരിഗുസിവാന (സെവാൻ തടാകതീരങ്ങളിൽ, 1951), പ്ല്യേന്നിക്കി ബർസോവ ഉസ്യേലിയ (ബാർസോവ് മലയിടുക്കിലെ തടവുകാർ, 1954-55) എന്നീ കഥകളും പ്രസിദ്ധങ്ങളാണ്. സര്യാൻ രചിച്ച ഉറോദ്നിക്ക (ഉറവയിൽ, 1949), ഓപ്പിത്ത്നയെ പോലെ (പരീക്ഷണഭൂമി, 1950), ബൊര്യാൻ (G.Borian) രചിച്ച നവിസത്താഹ് (ഉയരങ്ങളിൽ, 1948) എന്നീ നാടകങ്ങൾ അർമീനിയൻ നാടകവേദിയിൽ വിജയകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലെ പ്രസിദ്ധകവിതകൾ എമീന്റെ (G.G.Emin) നോവയ ദറോഗ (പുതിയ പാത, 1949), കപുതിക്യാന്റെ (S.B.Kaputikian) മയീ റദ്നീയെ (എന്റെ ജനത) എന്നിവയാണ്. സെവകി(P.Sevak)ന്റെ പ്രസിദ്ധ ആഖ്യാന കവിതയായ നി സ്മൾക്കായുഴ്ശി കോളക്കൾ (നിലയ്ക്കാത്ത മണിയൊച്ച) 1959-ലും ചിളവേക് ന ളാദനി (കൈവെള്ളയിലെ മനുഷ്യൻ) എന്ന സമാഹാരം 1963-ലും പ്രത്യക്ഷപ്പെട്ടു. കപുതിക്യാന്റെ റസ് ദൂമിയ ന വൾപുച്ചി (വഴിമധ്യത്തിലെ ചിന്തകൾ, 1960), എമീനി (Emin)ന്റെ ദ്വേദറോഗി (രണ്ടു പാതകൾ), സഗ്യാന്റെ (Sageian) പെരിദ് സക്കാത്തം (സൂര്യാസ്തമയത്തിനു മുമ്പ്), പ്യേസിൻ സ്ക്കാൾ (പാറകളുടെ സംഗീതം) തുടങ്ങിയവ 1980-കളിലെ പ്രാതിനിധ്യസ്വഭാവമുള്ള കൃതികളാണ്. മികച്ച ഗദ്യകൃതികളും ഈ കാലയളവിൽ പുറത്തിറങ്ങി. ഹൻസദ്യാന്റെ (S.Kh.Khanzadian) സിംലാ (ഭൂമി, 1954), അഹവ്നി (Akhavni)യുടെ ഷിറാക് (Shirak, 1954), സയിന്യാൻ (A.A.Sainian) രചിച്ച ന പിരി പൂച്ച്യഹ് (നാല്ക്കവലകളിൽ, 1946), സര്യാന്റെ (Zarian) ഗസ്പജീൻ പിത്രോസ് ഇ ഇവോ മിനിസ്തറീ (മി. പെത്രോസും മന്ത്രിമാരും, 1958), സ്തെപന്യാന്റെ (A.Stepanian) ന പറോഗെ ലേത (ഗ്രീഷ്മത്തിന്റെ പടിവാതിലിൽ, 1959), ദര്യാൻ (Z.M.Darian) എഴുതിയ സയദ്-നോവ (Sayat-Nova, വാല്യങ്ങൾ ഒന്നും രണ്ടും, 1961-63), അയ്വസ്യാൻ (S.B.Aivazian) രചിച്ച സുജ്ബാ അർമ്യാൻ സ്കയ (അർമീനിയയുടെ വിധി, 1966), ഹെച്ചൂനിയന്റെ (Khechunian) ക്നീഗ ബീച്ചിയ (ഉല്പത്തിപ്പുസ്തകം), ഹലാനിയന്റെ (Z.Khalanian) ലിപ്പ്യേത്സ്കി റൊമാഷ്ക്കി (ഡെയ്സി പുഷ്പത്തിന്റെ ഇതളുകൾ) തുടങ്ങിയ നോവലുകൾ ഉദാഹരണങ്ങളാണ്. ഇക്കാലത്തെ മികച്ച കഥാകാരന്മാരായിരുന്ന അറമ്യാൻ, അവക്യാൻ, സെവാൻ, സർകിസ്യാൻ, പെത്രൊസ്യാൻ എന്നിവർ ആധുനിക ജീവിതത്തെ പരാമർശിക്കുന്ന കൃതികളാണു രചിച്ചത്. തെർ ഗ്രിഗര്യാന്റെ (G.A.Ter-Grigorian) ഉമിറായുഴ്ശയഫ്ളോറ (നാശോന്മുഖമായ സസ്യജാലങ്ങൾ, 1961), അറക്സ്മന്യാന്റെ (A.A.Araksmanian) റോസി ഇക്റോവ് (രക്തവും റോസാപുഷ്പങ്ങളും), ബര്യാൻ (Borian) രചിച്ച പദ് അദ്നോയ് ക്റീഷയ് (ഒരേ വിതാനത്തിൻ കീഴിൽ, 1958) എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു.
ആധുനിക സാഹിത്യകാരന്മാർ
[തിരുത്തുക]ആധുനിക അർമീനിയൻ സാഹിത്യകാരന്മാർ സോഷ്യലിസ്റ്റു റിയലിസത്തിലൂടെ സാഹിത്യവികാസത്തിനു വഴിയൊരുക്കുന്നതായി കാണാം. വിദേശത്തുള്ള വിവിധ അർമീനിയൻ കോളനികളിലെ സാഹിത്യത്തെയും സംസ്കാരത്തെയും പ്രസ്തുത പ്രസ്ഥാനം സ്വാധീനിച്ചു വരുന്നു. ലെബണിലെ പുരോഗമന സാഹിത്യകാരന്മാരായ അദ്ദര്യാൻ (G.Addarian), വഗ്യാൻ (Vagian), അമേരിക്കൻ ഐക്യനാടുകളിലെ അന്ദ്രേയസ്യാൻ (A.Andreasian), സിതൽ (K.Sital), ഫ്രാൻസിലെ ഷഹ്നുർ (Sh.Shakhnur), ഇറാനിലെ ദേവ് (Dev) എന്നിവർ അർമീനിയൻ ഭാഷയിലെ പ്രസിദ്ധ എഴുത്തുകാരാണ്
അവലംബം
[തിരുത്തുക]- ↑ A writer of the fifth century, born at Golp, in the province of Taikh, a tributary valley of the Chorokh, in Northern Armenia. http://www.newadvent.org/cathen/05739a.htm
- ↑ Nowadays it is spoken by the Armenian people in Turkey and the Republic of Armenia, and in Armenian settlements elsewhere in the Middle East, Europe and the United States. http://indoeuro.bizland.com/tree/balk/armenian.html Archived 2012-05-18 at the Wayback Machine
- ↑ Learning Armenian can help you communicate with other people who speak Armenian. http://mylanguages.org/armenian_grammar.php
- ↑ Armenian is a complex and beautiful language. http://www.haias.net/kultur/armenian-alphabet.html Archived 2012-01-29 at the Wayback Machine
- ↑ http://www.jewishvirtuallibrary.org/jsource/biography/David.html The biblical King David of Israel was known for his diverse skills as both a warrior and a writer of psalms.
- ↑ Plato (429–347 B.C.E.) is, by any reckoning, one of the most dazzling writers in the Western literary tradition and one of the most penetrating, wide-ranging, and influential authors in the history of philosophy. http://plato.stanford.edu/entries/plato/
- ↑ The following article is from The Great Soviet Encyclopedia (1979). It might be outdated or ideologically biased. http://encyclopedia2.thefreedictionary.com/Egishe+Charents
- ↑ The following article is from The Great Soviet Encyclopedia (1979). It might be outdated or ideologically biased. http://encyclopedia2.thefreedictionary.com/Vshtuni,+Azat
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.umd.umich.edu/dept/armenian/literatu/ Archived 2012-04-06 at the Wayback Machine
- http://armenianhouse.org/
- http://www.infoplease.com/ce6/ent/A0804758.html
- http://www.hyeetch.nareg.com.au/armenians/literature_p1.html Archived 2012-04-19 at the Wayback Machine
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അർമീനിയൻ സാഹിത്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |